Wednesday, March 12, 2008

ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍ അഥവാ......... ഒരു വിചാരം


മാധ്യമധര്‍മ്മം എന്നത് പറഞ്ഞുപഴകിയ ഒരു തറകോമഡിയാണെന്നും മാധ്യമപ്രവര്‍ത്തനം ഒരു തരത്തിലുള്ള കൂട്ടിക്കൊടുപ്പാണെന്നും സാധാരണക്കാരന്‍ പോലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കൂലി കൊടുക്കുന്നവന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വേലചെയ്യുക എന്നതിനപ്പുറം മറ്റു ധാര്‍മ്മികതകളൊന്നും തന്നെ മാധ്യമ പ്രവര്‍ത്തകനില്ല എന്നതാണ് പുതിയ കാലത്തിന്റെ രീതി. അപവാദങ്ങള്‍ ഇല്ലെന്നല്ല, മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ വാങ്ങി സുരക്ഷിതമായ ജീവിതം നയിക്കുക എന്നതിനു തന്നെയാണ് ബഹുഭൂരിപക്ഷവും പ്രാമുഖ്യം നല്‍കുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് മനോരമ ന്യൂസിലെ ഷാനി, ഒരു ചര്‍ചയ്ക്കിടയില്‍ മാര്‍ക്സിസ്റ്റ് നേതാവ് ജയരാജനോട് ചെയ്തതിന്റെ ശരികേടുകളെക്കുറിച്ച് സെബിന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. മറ്റെല്ലാവരെയും പോലെ മനോരമയ്ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്നുള്ളത് ഒരു സത്യമാണ്. പക്ഷപാതിത്വം തന്നെയാണ് ഇന്നിന്റെ രീതി. നിഷ്പക്ഷത എന്നത് ഒരു കപടനിലപാടാണ്. അല്ലെങ്കില്‍ത്തന്നെ ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് എങ്ങനെയാണ് നിഷ്പക്ഷനായിരിക്കാന്‍ പറ്റുക.

മനോരമ, ഒരാളെ എങ്ങനെ തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഷാനി. ഇന്ത്യാവിഷനിലായിരുന്നപ്പോഴേ അവരുടെ പ്രകടനം ശ്രദ്ധിച്ചിട്ടുണ്‍ട്.പ്രതിപക്ഷബഹുമാനം ഒരു അനാവശ്യ സംഗതിയാണെന്നും തങ്ങളുടെ നിലനില്പിന്റെ ആധാരശില ശുദ്ധമായ പക്ഷപാതിത്വം തന്നെയാണെന്നും ഇക്കൂട്ടര്‍ പ്രഖ്യാപിക്കുന്നുമുണ്ട്.

പക്ഷപാതിത്വം എന്നത് അത്രവലിയ തെറ്റൊന്നുമല്ല. പെരുപ്പിച്ചു കാണിക്കപ്പെടുന്ന ചില പൂര്‍വകാല പത്രപ്രവര്‍ത്തന കഥകള്‍ വര്‍ത്തമാനത്തെ പിന്‍തുടരുന്നതിന്റെ ഗതികേടിലാണ് പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തകര്‍. ഇന്നലെകളില്‍ മാത്രമേ നന്മകളുണ്ടായിരുന്നുള്ളൂ എന്ന പ്രചാരണം ഇക്കൂട്ടരെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. അങ്ങനെയാണ് മാധ്യമധര്‍മ്മം എന്ന അസംബന്ധം ഉയര്‍ന്നു വരുന്നതും. ഇല്ലാത്ത കറുത്തപൂച്ചയെ ഇരുട്ടില്‍ തപ്പുന്നതു പോലെയാണ് മാധ്യമധര്‍മ്മത്തെക്കുറിച്ച് സംസാരിക്കുന്നതും.

അറിഞ്ഞതല്ല, അറിയാത്തത്(അറിയിക്കാത്തത്)ആണ് വാര്‍ത്ത. അറിയേണ്ടാത്തത് അറിയിക്കാതിരിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധാലുക്കളുമാണ്. അതവരുടെ മേല്പറഞ്ഞ പക്ഷപാതിത്വത്തിന്റെ ഭാഗം മാത്രമാണ്. അതിനാണ് എഡിറ്റോരിയല്‍ പണിക്കാരെ നിയോഗിച്ചിട്ടുള്ളതും. വളച്ചൊടിക്കലല്ല, തങ്ങള്‍ക്കാവശ്യമില്ലാത്തതിനെ തമസ്കരിക്കലാണ് ഇവരുടെ പണി.

മാധ്യമരംഗവും മറ്റേതൊരു വ്യവസായവും പോലെ തന്നെയാണ്, ലാഭാധിഷ്ഠിതമായ വ്യവസായം. ഒരു ന്യൂനപക്ഷത്തിന്റെ മനസ്സാക്ഷിക്കുത്തിന് വലിയ പ്രസക്തിയൊന്നുമില്ല. വെറുതേ പറയാമെന്നല്ലാതെ. മനസ്സാക്ഷിക്കുത്തും ജീവിതക്കുത്തും തമ്മില്‍ പോരാടുമ്പോള്‍ ജീവിതക്കുത്തിന് തന്നെ പ്രാധാന്യം.

....................................................

ന്യായാധിപന്മാരെ എന്തിനു കുറ്റം പറയണം, നേടട്ടെ അവരും കൈയ്യടി!!!

Read more...

About This Blog

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP